എല്‍ഡിഎഫ് കാലത്ത് കെഎംഎസ്സിഎല് മരുന്ന് വാങ്ങിയതില്‍ അന്വേഷണം ഉണ്ടാകും. ഒന്നും വെറുതെ വിടാന്‍ പോകുന്നില്ല. കെ മുരളീധരൻ
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മരുന്ന് വാങ്ങലില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ്.
1 min read

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മരുന്ന് വാങ്ങലില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ അന്വേഷണം നടത്താനാണ് തീരുമാനമായിരിക്കുന്നത്. കമ്പനിക്ക് മതിയായ യോഗ്യതയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. 2020 മുതല്‍ 2026 വരെ നാല് കോടി രൂപയുടെ മരുന്ന് കമ്പനിയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. എന്നാല്‍ കെഎംഎസ്സിഎല് വഴി മരുന്ന് നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തിന് ആരോഗ്യമന്ത്രി ശുപാര്‍ശ ചെയ്തേക്കും.
എല്‍ഡിഎഫ് കാലത്തെ മരുന്നിടപാടുകളില് അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ മുരളീധരന് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 'ടോറസ് എന്ന കണ്ണൂര്‍ കമ്പനിയില്‍ നിന്നും മരുന്ന് വാങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊക്കെ മരുന്ന് ഉണ്ടാക്കാനുള്ള നിയമസാധുത എന്താണെന്ന് പരിശോധിക്കും. ഇതില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകും. എല്‍ഡിഎഫ് കാലത്ത് കെഎംഎസ്സിഎല് മരുന്ന് വാങ്ങിയതില്‍ അന്വേഷണം ഉണ്ടാകും. ഒന്നും വെറുതെ വിടാന്‍ പോകുന്നില്ല', എന്നായിരുന്നു മന്ത്രി പറഞ്ഞത്.
കഴിഞ്ഞ പത്ത് വര്‍ഷം നടന്ന കൊള്ള സര്‍ക്കാര്‍ അന്വേഷിക്കുമെന്നായിരുന്നു കെ മുരളീധരന്റെ പ്രഖ്യാപനം. എസ്എംഎ മരുന്ന് വിവാദത്തില്‍, രോഗികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങള്‍ ഉണ്ടാകേണ്ടെന്ന് കരുതിയാണ് മരുന്ന് തിരിച്ചെടുത്തതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അത് തിരിച്ചെടുത്തില്ലെങ്കിലും കുഴപ്പങ്ങളുണ്ടാകില്ല. സുപ്രീംകോടതി പോലും അംഗീകരിച്ച മരുന്നാണ് നല്‍കിയത്. രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാന്‍ വിദേശ മരുന്ന് കമ്പനികള്‍ ഇടപെട്ടെന്നും ആരോഗ്യമന്ത്രി ആരോപിച്ചിരുന്നു
Published 12 days ago · Last updated 23 hours ago · 7 views



